മലപ്പുറം: കരിപ്പൂർ വിമാനത്താവള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങളാണ് വീണ്ടും പരിശോധിക്കുക. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി സന്തോഷ് കുമാറാണ് അന്വേഷണം നടത്തുക.
തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിൽ പങ്കാളികളാകും. കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസിന്റെ അന്വേഷണം ശരിയായിരുന്നോ, കേസിൽ പുതിയ വഴിതിരിവുണ്ടോ എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പുനഃപരിശോധിക്കുക. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വർണം നഷ്ടപ്പെട്ടവരും പീഡനം അനുഭവിച്ചവരും പരാതി അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ തയാറാകാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.