തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും.
2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളെക്കാള്‍ കൂടുതലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇത്തരത്തില്‍ ആളുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ നഷ്ടപരിഹാരം നല്കുമ്പോള് അര്‍ഹരായ നിരവധിപേര്‍ പുറത്തായിപ്പോവുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.
സുപ്രിംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവൻ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തിയ ആവശ്യം.
എല്ലാം കേന്ദ്ര മാർഗനിർദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര മാർഗനിർദേശത്തിൽ പോരായ്മകളുണ്ടെന്ന നിലപാടും നിലവിൽ സർക്കാരിനില്ല. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര മാർഗനിർദേശത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ പറയുന്നു.