ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വീണ്ടും വിധി പറയാൻ മാറ്റി. ഇത് രണ്ടാം തവണയാണ് കേസ് വിധി പറയാൻ മാറ്റുന്നത്. ശശി തരൂര്‍ എംപിക്കെതിരെ കുറ്റം ചുമത്തണമെന്ന പ്രോസിക്യൂഷന് ആവശ്യത്തില്‍ ഉത്തരവ് പിന്നീട് പറയുമെന്ന് ഡൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ തീയതി പിന്നീടറിയിക്കും.
ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു.പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും, തരൂരിന്റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്.