ബെംഗളൂരു: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കിയത്. വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന തുടരുമെന്നും എന്നാൽ, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയെന്നുമാണ് ഉത്തരവ്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ജില്ല അതിർത്തികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.