തമിഴ്നാട് പൊതുവിതരണ വകുപ്പിൽ (പി.ഡി.എസ്) നിന്ന് 50 ലക്ഷത്തോളം ആൾക്കാരുടെ വിവരങ്ങൾ ചോർന്നു. ബംഗ്ലരൂവിലുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണ് ഇക്കാര്യം പുറത്തു വിട്ടത്. ചോർന്ന വിവരങ്ങളിൽ ആധാർ കാർഡ് നമ്പർ അടക്കമുണ്ട്. കൂടാതെ പേര്, കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവയും ഉൾപ്പെടും. അതേസമയം തമിഴ്നാട് സർക്കാർ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
കൃത്യമായി 49,19,668 പേരുടെ വിവരങ്ങളാണ് ചോർന്നത്. ഇവരുടെയൊക്കെ ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന വിലാസവും ചോർന്നു. 3,59,485 പേരുടെ ഫോൺ നമ്പറുകളും ചോർന്നതായാണ് പുറത്തു വരുന്ന വിവരം.
അതേസമയം വിവരം ചോർന്നത് തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണോ അതോ തേർഡ് പാർട്ടി ആപ്പിൽ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 6.8 കോടി പേരാണ് ആകെ തമിഴ്നാട് സർക്കാരിന്റെ പി.ഡി.എസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 50 ലക്ഷം ആൾക്കാരുടെ വിവരങ്ങൾ മാത്രമാണ് ചോർന്നിട്ടുള്ളത്.
ഇതാദ്യമായല്ല ഇന്ത്യയിൽ സർക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ചോരുന്നത്. നേരത്തെ തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും സർക്കാർ ജീവനക്കാരുടെയും പെൻഷൻ വാങ്ങുന്നവരുടേയും വിവരങ്ങൾ ചോർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്സണൽ വെബ്സൈറ്റിൽ നിന്ന് ഡാറ്റ ചോർന്ന സംഭവവും ഉണ്ടായിട്ടുണ്ട്.