പാറശ്ശാല; മദ്യലഹരിയിൽ അച്ഛന്റെ മർദനമേറ്റ് മൂന്നു വയസുകാരിക്ക് പരിക്ക്. പ്ലാസ്റ്റിക് കസേരകൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.തുടർന്ന് ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി. കാരോട് അയിര സ്കൂളിനു സമീപം ഒറ്റവീട്ട് വിളാകം ഷിജിൻഭവനിൽ ചിഞ്ചു (28)വാണ് രണ്ടുവർഷമായി ഭർത്താവ് വിജുകുമാർ മർദിക്കുന്നതെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ വിജുകുമാർ തന്നെ മർദിക്കുകയും തുടർന്ന് പ്ലാസ്റ്റിക് കസേരയെടുത്ത് മൂന്ന് വയസ്സുള്ള മകൾ ആൻമരിയയുടെ തലയിൽ അടിക്കുകയും ചെയ്തതായി പറയുന്നു. വിജുകുമാർ ചിഞ്ചുവിന്റെ തല പിടിച്ച് ചുവരിൽ തുടർച്ചയായി ഇടിക്കുകയും ചെയ്തു. വിവാഹത്തിനു വീട്ടിൽനിന്ന് നൽകിയ സ്വർണം വിറ്റ് മദ്യപിച്ചശേഷം കൂടുതൽ പണം ആവശ്യപ്പെട്ടാണ് മർദനം തുടർന്നിരുന്നത്. വിജുകുമാറിന്റെയും കുടുംബത്തിന്റേയും പീഡനങ്ങൾക്കെതിരെ മുൻപ് കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കുളച്ചൽ വനിതാ സ്റ്റേഷനിലും ചിഞ്ചു പരാതി നൽകിയിട്ടുണ്ട്.