ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം.കോവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന് വരെ പണയം വച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പ്രസിദ്ധ ഭിഷഗ്വരനുമായിരുന്ന ഡോ ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലൈ ഒന്നിനാണ് ഭാരതത്തിൽ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. രോഗികളും അവരുടെ ബന്ധുക്കളും ഡോക്ടർമാരോടുള്ള തങ്ങളുടെ ആദരവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ദിനമായാണ് ഡോക്ടഴ്സ് ദിനം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഡോക്ടർ രോഗി ബന്ധത്തിന്റെ പവിത്രത നിലനിർത്തുമെന്നും മറ്റെല്ലാ താത്പര്യങ്ങൾക്കുമുപരിയായി രോഗിയുടെ താത്പര്യം സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞു വക്കുമെന്നുമുള്ള ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞ ഒരിക്കൽ കൂടി പുതുക്കാൻ ഈ അവസരം ഡോക്ടർ സമൂഹം വിനിയോഗിക്കുന്നു.
“ആരോഗ്യ മേഖലയിൽ സേവനം നടത്തുന്ന എല്ലാ ഡോക്ടർമാർക്കും ആശംസകൾ”..