കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സജേഷിന്റെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തി.
സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അർജുൻ ആയങ്കിയുടെ ബിനാമിയെന്ന നിലയിലാണ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സജേഷിന്റെ 108 ഓളം വരുന്ന രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തി. കസ്റ്റംസ് ഇത് വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ സജേഷിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. നേരത്തേ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സജേഷ്, അർജുൻ ആയങ്കിയുടെ ബിനാമിയെന്നാണ് കസ്റ്റംസ് അറിയിച്ചത്.
സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സജേഷിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം രാമനാട്ടുകര സ്വർണകവർച്ച ആസൂത്രണ കേസിൽ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാൻഡ് ചെയ്തത്.
സൂഫിയാൻ സഞ്ചരിച്ച വാഹവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഫിജാസിനെയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.