തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര് ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്.
സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം.