തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ വധഭീഷണിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പത്ത് ദിവസത്തിനുള്ളിൽ നാട് വിട്ടില്ലെങ്കിൽ കുടുംബത്തെയടക്കം വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കത്തിന് പിന്നിൽ ടിപി കേസ് പ്രതികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രി പരാതി നൽകി.
കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്ത കത്ത് രാവിലെയാണ് എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ തിരുവഞ്ചൂരിനെ തേടിയെത്തിയത്. തന്നെ ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമെന്നാണ് കത്തയച്ചയാൾ പറയുന്നത്. മലബാർ ശൈലിയിലാണ് എഴുത്ത് എന്നത് കൊണ്ടും താൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ടി പി കേസിലെ പ്രതികള അറസ്റ്റ് ചെയ്തത് എന്നതുമാണ് തിരുവഞ്ചൂരിൻ്റ സംശയം കൂടുന്നത്.
സ്വർണ്ണക്കടത്തിന് പിന്നിലും ടി പി കേസ് പ്രതികൾക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടെയുള്ള ഭീഷണി കോൺഗ്രസ് ഗൗരവമായാണെടുക്കുന്നത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടിയന്തിര നടപടി ആവശ്യപ്പെട്ടു. കത്തിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയക്കെതിരേ വധഭീഷണി ഉണ്ടായ സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.