ശാസ്താംകോട്ട: വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിക്കാനാവാതെ അന്വേഷണ സംഘം.കഴുത്തിൽ കുരുക്കു മുറുകിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുന്നു. തൂങ്ങിമരണമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുള്ളതിനാൽ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാവുന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനിൽനിന്ന് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി.
വിസ്മയ മരിച്ചതായി പറയുന്ന സ്ഥലത്ത് ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ് കിരൺകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വിശദമായ പരിശോധന. എന്നാൽ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അന്വേഷണ സംഘത്തിന് നിലവിൽ ലഭ്യമായ മൊഴികൾ അനുസരിച്ച് വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കിരൺ മാത്രമേ കണ്ടിട്ടുള്ളൂ. ജനൽ കമ്പിയിൽ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നൽകിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കൾ എത്തിയതെന്നും കിരൺ പറയുന്നു. വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടിൽ തന്നെയാണ് കിരൺ.
വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിന്നു വെന്നു കിരൺ പറഞ്ഞ ശുചിമുറിയിൽ വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ ശശികലയും ഡോ സീനയും റൂറൽ എസ്പി കെ ബി രവിയും പരിശോധന നടത്തി. കിരണിന്റെ വീട്ടിൽ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ട് ചീഫ് ഫൊറൻസിക് ഡയറക്ടർ അന്വേഷണസംഘത്തിനു കൈമാറും.