ചെങ്ങന്നൂർ;പുത്തൻകാവ്, ഇടനാട് പ്രദേശങ്ങളിൽ കഴിഞ്ഞ നാളുകളിൽ ഉണ്ടായ വികസനത്തെ കുറച്ചു കാട്ടുന്നതിനു വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളിൽ ചില വികസന വിരോധികൾ നൽകുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി സജി ചെറിയാൻ .വികസനം നടപ്പിലാക്കാൻ ധാരാളം സമയം ലഭിച്ചിട്ടും അതിനു കഴിയാത്തവരാണ് ഇപ്പോൾ കള്ള പ്രചരണങ്ങളുമായി എത്തിയിരിക്കുന്നത്.
വരട്ടാർ പുനരുജ്ജീവനത്തിൻ്റെ ഭാഗമായി,ആദി പമ്പയ്ക്കും വരട്ടാറാനും കുറുകെ പള്ളയോടങ്ങൾക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ പാലങ്ങൾ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിൻ നിന്നും സർക്കാർ പിന്നോട്ടു പോയി എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച വരട്ടാർ പുനരുജ്ജീവനത്തിനു തുടക്കമായത്. നദീതീരത്തിൻ്റെ സംരക്ഷണവും ഇരുകരകളെ ബന്ധിപ്പിക്കുന്ന വിവിധ പാലങ്ങളും പദ്ധതിയുടെ ഭാഗമായിരുന്നു.
ജലവിഭവ വകുപ്പിനായിരുന്നു പാലങ്ങളുടെ ചുമതല. വരട്ടാറിലുള്ള എട്ടു ചപ്പാത്തുകളാണ് പൊളിച്ചു പണിയാൻ തീരുമാനിച്ചത്.വഞ്ചിപ്പോട്ടിൽ, പുതുക്കുളങ്ങര, ആനയറ, തൃക്കൈയ്യിൽ എന്നീ സ്ഥലങ്ങളിൽ 20 കോടി രൂപ ചിലവഴിച്ച് നാലു പാലങ്ങൾ നിർമ്മിക്കുന്നതിനും ധാരണയായി.ആദ്യ ചർച്ചയിൽ ആറന്മുള്ള വളളംകളിയ്ക്കായി പള്ളിയോടങ്ങൾ കടന്നു പോകുന്ന രീതിയിൽ മഴവിൽ ആകൃതിയിൽ പാലങ്ങൾ നിർമ്മിക്കണമെന്ന ധാരണ ഉണ്ടായിരുന്നു.എന്നാൽ വിശദമായ പഠനത്തിൽ വരട്ടാറിൽ
പള്ളിയോടം കടന്നു പോകുന്ന ഏക പാലം എന്ന നിലയിൽ വഞ്ചിപ്പോട്ടിൽ പാലം മാത്രം ഈ ആകൃതിയിൽ നിർമ്മിച്ചാൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
പുതുക്കുളങ്ങര, ആനയറ, തൃക്കൈയ്യിൽ പാലങ്ങൾ സാധാരണ രീതിയിൽ നിർമ്മിച്ചാൽ മതിയെന്നും ധാരണയുമായി. പുതുക്കുളങ്ങര പാലത്തിൻ്റെ നിർമ്മാണ അതിവേഗം പുരോഗമിക്കുകയാണ്. ആനയറ പാലത്തിൻ്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു.തൃക്കൈയ്യിൽ പാലത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. മൺസൂൺ അവസാനിക്കുന്ന തോടെ നിർമ്മാണം ആരംഭിക്കും.പുതുക്കുളങ്ങര പാലം മൂന്നു മാസത്തിനുള്ളിലും ആനയറ പാലം ആറ് മാസത്തിനുള്ളിലും നിർമ്മാണം പൂർത്തീകരിക്കും.വഞ്ചിപ്പോട്ടിൽ ഉൾപ്പെടെബാക്കി മൂന്നു പാലങ്ങളുടെയും നിർമ്മാണം വെള്ളപ്പൊക്ക സമയത്തെ ജലനിരപ്പിൽ നിന്നും ഉയരത്തിലാണ്.ഇതിനാൽ ആശങ്കപ്പെടേണ്ടതില്ല.
കൂടാതെ മണൽ നീക്കം ചെയ്ത നദിയുടെ ആഴം വർദ്ധിപ്പിക്കുവാനുള്ള പദ്ധതി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇതു യാഥാർത്ഥ്യമാകുന്നതോടെ നദിയിലെ ജല നിരപ്പ് കൂടുതൽ താഴും.എംസി റോഡിൽ പുത്തൻകാവ് പാലത്തിൻ്റെ നിർമ്മാണവും പുരോഗമിക്കുകയാണ്105 വർഷത്തോളം പഴക്കമുള്ള ഈ പാലംതകർച്ചയുടെ വക്കിലായിരുന്നു. 2018 ലെ മഹാപ്രളയം പാലത്തിൻ്റെ തൂണുകളിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ഇതെ തുടർന്ന് വിദഗ്ദ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് പാലം പൊളിച്ചു നിർമ്മിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്.ഇരുവശത്തും രണ്ടു മീറ്റർ നടപ്പാതകൾ ഉൾപ്പെടെപത്തര മീറ്റർ വീതിയിൽ മൂന്നു വരി ഗതാഗതത്തിന് സൗകര്യപ്രദമായ ആധുനിക രീതിയിലാണ് പാലം നിർമ്മിക്കുന്നത്.
2021 ഫെബ്രുവരി 20നാണ് പഴയപാലം പൊളിക്കുന്നത്. കനത്ത മഴയും, മഹാമാരിയും പാലം നിർമ്മാണത്തിനു തടസ്സമുണ്ടാക്കിയെങ്കിലും നിർമ്മാണം മുൻ തീരുമാനപ്രകാരം 10 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ജില്ലാ അതിർത്തിയിലുള്ള കുപ്പിക്കഴുത്തു പാലമായ ഐക്കാട്ടു പാലം വീതി കൂട്ടി പുനർനിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും.
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നഗരസഭയിലെ ഇടനാട്, പുത്തൻകാവ് പ്രദേശങ്ങളിൽ നടന്നത് .
അങ്ങാടിക്കൽ സെൻ്റ് അനീസ് പുത്തൻകാവ് റോഡ്, പുത്തൻ കാവ് പിരളശ്ശേരി റോഡ്, പുത്തൻകാവ് ഇടനാട് റോഡ്, ഇടനാട് കുറ്റിക്കാട് പടി റോഡ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചു.പതിറ്റാണ്ടുകളായി മംഗലം, ഇടനാട് നിവാസികളുടെ ആവശ്യമായിരുന്ന കൈപ്പാലക്കടവ് പാലം യാഥാർത്ഥ്യമായി. പച്ചീത്ത പാടം അടക്കമുള്ള സ്ഥലങ്ങളിൽ കാർഷിക സംരംഭങ്ങൾ ആരംഭിക്കുന്നു.ഈ വികസന പ്രവർത്തനങ്ങളെല്ലാം ജനകീയ പിന്തുണ നേടുകയും കഴിഞ്ഞ നിയമ സഭാ തെരെഞ്ഞടുപ്പിൽ ഇവ എൽഡിഎഫ് അനുകൂലമായ വോട്ടായി മാറുകയും ചെയ്തു. ഇതു മനസ്സിലാക്കിയാണ് വികസന വിരോധികൾദൃഷ്ടലാക്കോടെ വ്യാജ പ്രചരണങ്ങളും സമര നാടകങ്ങളുമായി രംഗത്തു വരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.