കോഴിക്കോട് ചീക്കിലോട് യുവതിയെയും കുടുംബത്തെയും ഭർത്താവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. സ്ത്രീധനമായി നല്കിയ സ്വര്‍ണത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
മടവൂര്‍ സ്വദേശിയായ ഫാത്തിമയെ ചീക്കിലോട് സ്വദേശിയായ റഹീസ് വിവാഹം ചെയ്തത് 2018ലാണ്. സ്ത്രീധനമായി കാര്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് അന്നു മുതല്‍ ഫാത്തിമയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഇതിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. സ്ത്രീധനമായി നല്കിയ സ്വര്‍ണം ഉപയോഗിച്ച് വാങ്ങിയ ഭൂമി സമ്മതമില്ലാതെ വിറ്റഴിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇക്കാര്യം അന്വേഷിക്കാന്‍ സ്ഥലത്തേക്ക് പോകുന്ന വഴി ഭര്‍തൃവീട്ടുകാര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
‘അവര്‍ വന്ന് ഒരു പ്രകോപനവുമില്ലാതെ പൊതിരെ അടിച്ചു വളഞ്ഞിട്ട്. സ്ത്രീകളെയും കുട്ടികളെയും എല്ലാം. എല്ലാവര്ക്കും പരിക്കുണ്ട്. മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാണ്’ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സ്ഥലത്തെത്തിയ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് കുടുംബം പറയുന്നു. ഫാത്തിമയുടെ ഭര്‍ത്താവ് റഹീസ് വിദേശത്താണ്. റഹീസിന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. റഹീസുമായുള്ള പ്രശ്നത്തിന്റെ പേരില്‍ യുവതിയും ബന്ധുക്കളും സഹോദരിയുടെ വിവാഹം മുടക്കാനെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് കാക്കൂര്‍ പൊലീസ് പറയുന്നു.