കൊല്ലം∙ വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്കി. വിവാഹ ശേഷം അഞ്ചു തവണ വിസ്മയയെ മർദിച്ചുവെന്ന് കിരണിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ വിസ്മയ മരിക്കുന്ന രാത്രിയിൽ മർദിച്ചിരുന്നില്ലെന്നാണ് മൊഴി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകും. ഇക്കാര്യത്തിൽ പൊലീസ് മനഃശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തിൽ കിരൺകുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസിൽ വച്ച് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ചയാണ് റിമാന്റിലായിരുന്ന കിരണ്‍ കുമാറിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കിരൺ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്, വിസ്മയയുടെ നിലമേലിലെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. കിരണ്‍ കുമാറിന്റെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ബാങ്കിലും എത്തിക്കും.
വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍പ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു. അതേ ദിവസം രാത്രിയില്‍ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു. മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു.
തുടര്‍ന്നു ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. പ്രകോപനവുമായി കിരണും പിന്നാലെയെത്തി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഇതേ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാര്‍, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മര്‍ദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചു കാറില്‍ യാത്ര ചെയ്ത മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീധനം കുറഞ്ഞുപോയതിന്റെയും കാറിന്റെയും പേരില്‍ മര്‍ദനവും പരിഹാസവും ഭീഷണിയും പതിവായിരുന്നു.
കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെ (24) ജൂൺ 21നാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വിസ്മയയുടെ കുടുംബം ആരോപിക്കുന്നു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.