ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കം ഏഴ് ഇടത് നേതാക്കൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയതിന് പിന്നാലെയാണ് നേതാക്കളുടെ നീക്കം.
വി. ശിവൻകുട്ടിക്ക് പുറമേ മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സർക്കാരിന്റെ അടക്കം അപ്പീലുകൾ നാളെ പരിഗണിക്കും.
നിയമസഭാ അംഗങ്ങള്‍ എന്ന നിലയിലുള്ള പരിരക്ഷ തങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിയമസഭയ്ക്കുള്ളില്‍ നടത്തിയിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനാകില്ലെന്നാണ് ഇവര്‍ അപ്പീല്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. അത് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.
സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്കിയ കേസ് നിലനില്‍ക്കില്ലെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കേരള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിശദീകരിച്ചു.
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തിരുന്നു.