ഡല്‍ഹി: രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന് സ്ഥാനമൊഴിഞ്ഞു. ട്വിറ്റര്‍ ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവെച്ചത്. ഇത് സംബന്ധിച്ച് ഇതുവരെ ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ പോരിടുന്ന ഘട്ടത്തിലാണ് ഈ രാജിയെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പുതിയ ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമപ്രകാരം ഉപഭോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ നിര്‍ബന്ധിക്കുന്നു. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇതനുസരിച്ച് ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്ടാക്റ്റ് ഓഫീസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാകണമെന്നും പുതിയ നിയമം പറയുന്നു.
ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്ന് ട്വിറ്ററര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ധര്‍മേന്ദ്ര ചാതൂറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ യുഎസിലെ മേല്‍വിലാസമാണ് ട്വിറ്റര്‍ നല്‍കിയിരുന്നത്.
തുടര്‍ന്ന് കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താല്‍ ട്വിറ്ററിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാമെന്നാണ് നിലവിലെ സ്ഥിതി. ഇതനുസരിച്ച് ഉത്തര്‍പ്രദേശില്‍ ട്വിറ്ററിനെതിരെ ഇതിനോടകം കേസെടുകളെടുത്ത് കഴിഞ്ഞിട്ടിണ്ട്.