ആലപ്പുഴ: കോവിഡ് ബാധിച്ച് അമ്മയെ നഷ്ടമായ നാലാം ക്ലാസിൽ പഠിക്കുന്ന ശ്രേയയെ കാണാൻ ഫിഷറീസ് – സാംസ്കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാനെത്തി.
മന്ത്രിയെ ടി.വി.യിൽ കണ്ടിട്ടുണ്ടെന്ന് ശ്രേയ പറഞ്ഞു.
ചെങ്ങന്നൂർ അങ്ങാടിക്കൽ നാരായണസദനത്തിൽ കെ.എൻ കുമാറിൻ്റെയും രാധാമണിയുടെയും മകൾ ആശാ കുമാർ കുവൈറ്റ് സ്വകാര്യ സ്കൂളിലെ ക്ലിനിക്കിൽ നഴ്സ് ആയി ജോലി ചെയ്യവേ ആണ് കഴിഞ്ഞ മെയ് 20ന് കോവിഡ് ബാധിച്ച് മരിച്ചത്.
അമ്മയെ നഷ്ടപ്പെട്ട മകൾ ശ്രേയ ഇപ്പോൾ മുത്തച്ഛനോടൊപ്പം ചെങ്ങന്നൂരിലെ വാടക വീട്ടിലാണ് താമസം. ആശയുടെ ഭർത്താവ് ശ്യാമും ഇളയ മകൾ ശ്രേഷ്മയും കുവൈറ്റിലാണ്.
ആശ ജോലി ചെയ്ത സ്ഥാപനവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന വാക്ക് കൊടുത്താണ് മന്ത്രി സജി ചെറിയാൻ മടങ്ങിയത്.