കൊല്ലം: വിസ്മയ കേസിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചില കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലമേൽ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ല. സ്ത്രീധനം സംബന്ധിച്ച വിഷയത്തിലാണ് ഗ്രാമസഭകൾ വേണ്ടത്. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണം.
വിസ്മയയുടേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾക്ക് വലിയ അങ്കലാപ്പിലാണ്. ഇത് ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.