തിരുവള്ളൂർ:തമിഴ്നാട്ടില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 25നായിരുന്നു തിരുമുള്ളെവയല്‍ സ്വദേശി ബാലമുരുകനുമായുള്ള വിവാഹം. 60 പവന് സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചത്. സ്വര്‍ണ്ണം മുഴുവന്‍ നല്‍കിയെങ്കിലും പറഞ്ഞുറപ്പിച്ച ഇരുപത്തഞ്ച് ലക്ഷം നല്കാന് ജ്യോതിശ്രീയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതല്‍ ഭര്‍ത്താവും മാതാവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് ഉപദ്രവം പതിവായിരുന്നു. ഫാര്‍മസി ഉപരിപഠനത്തിന് പോണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ട് വീട്ടുകാരും അനുവദിച്ചില്ല.
രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും ബാലമുരുകന് വന്ന് സംസാരിച്ച് ജ്യോതിശ്രീയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഉപദ്രവം തുടര്‍ന്നു. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ടും അവിടെ പിടിച്ചുനില്‍ക്കാനായിരുന്നു ഉപദേശമെന്ന് ജ്യോതിശ്രീയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ ഉള്‍പ്പടെ മൂന്ന് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു.