തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 40 കിലോമീറ്റര്‍ അകലെയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നഗരത്തിൽ നിന്ന് ഒരു 50 വർഷം പിന്നിലാണ് പൊടിയകാല എന്ന ആദിവാസി കോളനി. ഓരോ സർക്കാരും ജനപ്രതിനിധികളും മാറി വരുമ്പോൾ പുതിയ വാഗ്ദാനങ്ങൾ നൽകുമെങ്കിലും അവയിൽ ഒരു അംശം പോലും ഇവർക്ക് ലഭച്ചിട്ടില്ല എന്നതാണ് വസ്തുത.
അടിയന്തര ഘട്ടത്തിൽ ഒരു ആംബുലൻസിനെ വിളിക്കാൻ പോലും ഇവിടെ മൊബൈൽ റേഞ്ച് ഇല്ല. അതിനാൽ തന്നെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവിടത്തെ വിദ്യാർത്ഥികൾ. തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തണമെങ്കിൽ പോലും നാല് കിലോമീറ്റര്‍ തകർന്ന് തരിപ്പണമായി കിടക്കുന്ന കാട്ട് വഴിയിലൂടെ വേണം യാത്ര ചെയ്യാൻ. ഈ യാത്രയ്ക്ക് സാധാരണ യാത്രയുടെ ഇരട്ടി സമയം എടുക്കും എന്നതിനോടൊപ്പം വന്യമൃഗങ്ങളുടെ ശല്യവും കൂടുതലാണ്.
കേരളത്തിലെ പൊതുസമൂഹവും സർക്കാരുകളും അരികുവത്കരിച്ച അവഗണിച്ച ഒരു ജനതയാണ് ഇവർ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന നല്ല ഭക്ഷണം, യാത്ര സൗകര്യങ്ങൾ മുതൽ വിദ്യാഭ്യാസം ഉൾപ്പെടെ യാതൊന്നും ഇവർക്ക് ഒരുക്കി നൽകാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം നഗരത്തിലേക്ക് ഉൾപ്പടെ വെള്ളം എത്തിക്കാൻ ഉപയോഗിക്കുന്ന പേപ്പാറ അണക്കെട്ടിന്റെ നിർമാണത്തെ തുടർന്നാണ് ഇവരുടെ പൂർവ തലമുറയെ അവർ ജീവച്ചിരുന്ന പ്രവേശത്തിൽ നിന്ന് കുടിയൊഴിപ്പിച്ച് വേനൽ കാലത്ത് വെള്ളം പോലും ലഭിക്കാത്ത ഈ പ്രദേശത്ത് കൊണ്ട് തള്ളിയത്. അന്ന് സർക്കാർ ഉറപ്പ് നൽകിയ ഒരു ഉറപ്പും പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, ഇവരുടെ ജീവിതം ഈ പുതിയ പ്രദേശത്ത് കൂടുതൽ ദുസ്സഹമായി മാറുകയും ചെയ്തു.