ന്യൂഡൽഹി ;കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഇന്ന് ഏഴ് മാസം. സമരത്തിനിടയിൽ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.രണ്ടാം കൊവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഡൽഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ഡൽഹി അതിര്‍ത്തികളിൽ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഡൽഹി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. ട്രാക്ടറുകൾക്ക് പിന്നാലെ ട്രോളികളിൽ കുടിലുകൾ കെട്ടി. കര്‍ഷകര്‍ അതിര്‍ത്തികളിലെ ദേശീയ പാതകളിൽ താമസമാക്കി. സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷകരിൽ ഭൂരിഭാഗവും പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവാണ്. യു.പിയിലും പഞ്ചാബിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സമരം എങ്ങനെയും അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സര്‍ക്കാര്‍ ഇനി നടത്തിയേക്കും.