ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെയത്ര ഭീകരമാവില്ലെന്നാണ് ഐസിഎംആർ പഠനം. ഇംപീരിയൽ കോളജും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഒന്നാം തരംഗത്തെക്കാൾ ശക്തി കുറവായിരിക്കും മൂന്നാം തരംഗമെന്നാണ് പഠനം പറയുന്നത്. ഐസിഎംആറിന്റെ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും ചീഫ് സയന്റിസ്റ്റ് സമിറാൻ പാണ്ടയും ചേർന്നാണ് ഇത് എഴുതിയിരിക്കുന്നത്.
എന്നിരുന്നാലും മൂന്നാം തരംഗത്തിൽ കോവിഡിന്റെ മറ്റൊരു വകഭേദമായിരിക്കും കാരണമാകുക എന്ന് പറയുന്നു. ഈ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങൾക്കുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികളെടുക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതീക്ഷ നല്കുന്ന പഠനം പുറത്തു വരുന്നത്.