ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഹോൾഡേഴ്സിനുള്ള സേവന നിരക്കുകൾ വർധനവോടെ പുതുക്കി. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങൾക്കും ഈ പുതിയ നിരക്കുകൾ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു. പുതിയ സേവന നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
എസ്ബിഐ ശാഖകളിലൂടെയോ എടിഎമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകൾക്കും സേവന നിരക്ക് ഈടാക്കും. എല്ലാ എടിഎമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിൻവലിക്കലിനും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകൾക്കും ഉപഭോക്താക്കൾ പുതുക്കിയ സർവീസ് ചാർജ് നൽകണം. എസ്ബിഐ എടിഎമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.
ഒരു സാമ്പത്തിക വർഷത്തിൽ ആദ്യ പത്ത് ചെക്കുകൾ സൗജന്യമായി നൽകും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും ഉപഭോക്താവ് നൽകണം. എമർജൻസി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിർന്ന പൗരരെ സേവന നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്ബിഐ ശാഖ, എടിഎം, സിഡിഎം എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകൾ ബിഎസ്ബിഡി അക്കൗണ്ട് ഹോൾഡർമാർക്ക് എസ്ബിഐയിലും ഇതര ബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാർഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാൻസ്ഫർ ബിഎസ്ബിഡി അക്കൗണ്ട് ഹോൾഡർമാർക്ക് സൗജന്യമായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു.