ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്കും മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയ്ക്കും കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചു. ചികിത്സാ ചെലവും, ധനസഹായവും നൽകുന്ന കമ്പനികൾക്കോ വ്യക്തികൾക്കോ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക.
ജീവനക്കാരന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതും മരണമടഞ്ഞാൽ ജീവനക്കാരന്റെ കുടുംബത്തിന് നൽകുന്ന സഹായ ധനവും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
തൊഴിലാളി മരിച്ചതിന്റെ ഭാഗമായി കുടുംബത്തിന് തൊഴിലുടമ നല്കുന്ന ധനസഹായത്തിനും ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്കുന്ന ധനസഹായത്തിനും ഇളവ് ബാധകമാണ്. ഇത് പത്തുലക്ഷത്തില്‍ കൂടരുത്.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 48 ഡെല്‍റ്റ പ്ലസ് കേസുകളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള മാർഗരേഖ തയ്യാറായെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. വാക്സിനേഷൻ ഗർഭിണികളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും ഐ.സി.എം.ആർ ഡയറക്ടർ പറഞ്ഞു.