തിരുവനന്തപുരം: വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
‘വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണ്. പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഐഎം നേതാവല്ല ജോസഫൈന്. ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യാറാകണം’.
സ്വകാര്യ ചാനലിന്റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷന് അധ്യക്ഷ സംസാരിച്ച രീതി വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ സിപിഎം ജോസഫൈനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു.
ജോസഫൈനെതിരെ നേരത്തെ സുധാകരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജോസഫൈന്റെ പരിഗണനയില്‍ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം നടത്തണമെന്നും സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിലാണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും സുധാകരന് വിമര്‍ശിച്ചു. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും സുധാകരന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.