ഏറെക്കാലത്തിനു ശേഷം വിൻഡോസിൻ്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് 10ൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് വിൻഡോസ് 11 അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിൻഡോസ് 11 ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചു തുടങ്ങും. ആൻഡ്രോയ്ഡ് ആപ്പുകൾ വിൻഡോസിൽ ഉപയോഗിക്കാനാവും എന്നതാണ് വിൻഡോസ് 11ൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. വിൻഡോസിൻ്റെ അടുത്ത തലമുറ എന്നാണ് പുതിയ അപ്ഡേറ്റിനുള്ള വിശേഷണം.
അഡോബി ക്രിയേറ്റിവ് ക്ലൗഡ്, ഡിസ്നി പ്ലസ്, ടിക്ക്ടോക്ക്, സൂം തുടങ്ങിയ ആപ്പുകളൊക്കെ മൈക്രോസോഫ്റ്റ് സ്റ്റോറിൽ ലഭിക്കും. യൂസർ ഇൻ്റർഫേസിലും വലിയ വ്യത്യാസങ്ങളുണ്ട്. സ്റ്റാർട്ട് മെനു ഐക്കൺ സ്ക്രീനിൻ്റെ മധ്യഭാഗത്തായിരിക്കും. 1996നു ശേഷം ഇത് ആദ്യമായാണ് സ്റ്റാർട്ട് മെനു ഐക്കൺ ഇടതു ഭാഗത്തല്ലാതെ ഒരു വിൻഡോസ് പതിപ്പ് എത്തുന്നത്. ഡിഫോൾട്ട് സെറ്റിങ് ഇങ്ങനെയാണെങ്കിലും സ്റ്റാർട്ട് മെനു ഐക്കണിൻ്റെ സ്ഥാനം മാറ്റാനും ഉപഭോക്താക്കൾക്ക് സാധിക്കും. വിൻഡോസ് 10ലുണ്ടായിരുന്ന ലൈവ് ടൈലുകൾ 11ൽ കാണില്ല. പകരം റെക്കമെൻഡഡ് ആപ്പുകളാവും ഉണ്ടാവുക.
നോട്ടിഫിക്കേഷൻ സൗണ്ടുകളിലും ചില വ്യത്യാസങ്ങൾ ഉണ്ട്. പുതിയ സ്റ്റാർട്ടപ്പ് ട്യൂൺ ആണ് ഉള്ളത്. പുതിയ തീമുകളും മെച്ചപ്പെട്ട വിഡ്ജറ്റുകളും മൾട്ടി ടാസ്കിംഗ് സംവിധാനവുമൊക്കെ പുതിയ അപ്ഡേറ്റിലുണ്ട്.
അതേസമയം, രണ്ടോ അതിലധികമോ കോറുകൾ ഉള്ളതും 1 ജിഗാഹെട്സോ അതിനു മുകളിലോ വേഗതയുള്ളതുമായ പ്രൊസസറിൽ മാത്രമേ വിൻഡോസ് ഇലവൻ ഉപയോഗിക്കാനാവൂ. ഒപ്പം 4 ജിബിയോ അതിലധികമോ റാമും കുറഞ്ഞത് 64 ജിബി സ്റ്റോറേജും ആവശ്യമുണ്ട്.