ന്യൂഡൽഹി∙ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്ത്. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്.
പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി. സുദേഷ്കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. സുദേഷ്കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്. അനില്‍കാന്തിന് എ ഡി ജി പി റാങ്കാണുള്ളത്.
ഈ മൂന്ന് പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളെ ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം.
ഇതാദ്യമായാണു യുപിഎസ്സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു.
പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്സിക്ക് മരിച്ചയാളുടെ പേരില്‍ പരാതി ലഭിച്ചിരുന്നു. തച്ചങ്കരി സര്‍വീസില്‍ കയറിയ നാള് മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍, നേരിട്ട അന്വേഷണങ്ങള്‍, അച്ചടക്ക നടപടികള്‍, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരിലാണ് പരാതി പോയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍, പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന് ഡിജിപിയാണ് അദ്ദേഹം.