തിരുവനന്തപുരം: വയനാട് മുട്ടിലേത് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയില്‍ മുന്‍ റവന്യൂ- വനം വകുപ്പ് മന്ത്രിമാരെ കൂടി പ്രതികളാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി അഴിമതി നടത്തിയ രാഷ്ട്രീയ മേലാളന്മാരെ രക്ഷിക്കാനുള്ള അന്വേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. വനം- റവന്യൂ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാഷ്ട്രീയ യജമാനന്മാരുടെ അനുമതിയോടെയാണ് വനം കൊള്ളനടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്.
മരം കൊള്ളയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം ജനങ്ങളെ കബളിപ്പിക്കുന്നതാണ്. വനം മാഫിയയെ സംരക്ഷിച്ച് കര്‍ഷകരെയും പട്ടികജാതിക്കാരെയും പ്രതികളാക്കുന്ന അന്വേഷണമാണിത്. 5 ലക്ഷം രൂപ വില വരുന്ന മരത്തിന് 5000 രൂപ മാത്രം വില നല്‍കിയാണ് വയനാട്ടില്‍ പട്ടികജാതിക്കാരും ആദിവാസികളുമായ കര്‍ഷകരില്‍ നിന്നും വനം മാഫിയ സ്വന്തമാക്കിയത്. കര്‍ഷകരും പട്ടികജാതിക്കാരും കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. കബളിപ്പിക്കപ്പെട്ട ഇവരെ തന്നെയാണ് നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
2020 ഒക്ടോബര്‍ 24 നാണ് കുപ്രസിദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. വിവാദമയതോടെ ഫെബ്രുവരി രണ്ടിന് ഈ ഉത്തരവ് പിന്‍വലിച്ചു. തൊട്ടടുത്ത ദിവസം അന്നത്തെ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മരം മുറി കേസില്‍ പ്രതിസ്ഥാനത്തുള്ള ആളുമായി ഫോണില്‍ സംസാരിച്ചു. ഇതിനു പിന്നാലെ പാസ് പോലുമില്ലാതെ വെട്ടിമാറ്റിയ മരം വയനാട്ടില്‍ നിന്നും ചെക്ക് പോസ്റ്റ് കടന്ന് എറണാകുളത്തെത്തി. വനം മാഫിയയുമായി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണം. വനം വകുപ്പ് പാസ് നല്‍കാതെ വെട്ടിമാറ്റിയ മരം നടന്നാണോ എറണാകുളം വരെ എത്തിയത്? – വി.ഡി സതീശന് ചോദിച്ചു.
കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഉത്തരവ് എന്നാണ് എല്‍.ഡി.എഫ് നേതൃത്വം പറയുന്നത്. ആലോചിച്ചാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് റവന്യൂ മന്ത്രിയും. അങ്ങനെയെങ്കില്‍ ഈ കൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്. മരക്കച്ചവടക്കാര്‍ ലാഭമുണ്ടാക്കിയതിലുള്ള പ്രശ്നമെന്നു പറഞ്ഞ് കോടികളുടെ വനം കൊള്ള ലഘൂകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ശ്രമിക്കുന്നത്. യാഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്നു വ്യക്തമാണ്. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയെ കുറിച്ച് പഠിക്കാന്‍ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ.ഇ. കുഞ്ഞുകൃഷ്ണന്‍, അഡ്വ. സുശീലാ ഭട്ട്, വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥന് ഒ.ജയരാജ് എന്നിവര്‍ ഉള്‍പ്പെട്ട നിഷ്പക്ഷരും വിദഗ്ദരുമായ ഒരു സമിതിയോട് യു.ഡി.എഫ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ വസ്തുത അന്വേഷണ കമ്മീഷൻ നല്കുന്ന റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.