തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനിന്റെ ഇടപെൽ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ നടത്തിയ ധിക്കാരപരമായ പെരുമാറ്റമാണ് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. മനോരമ ചാനലിൽ നടത്തിയ ഫോൺ ഇൻ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ യുവതിക്കെതിരെ തന്റെ നിലക്ക് യോജിക്കാത്ത പരാമർശം നടത്തിയത്.
എറണാകുളത്ത് നിന്ന് വിളിച്ച യുവതിയെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അധിക്ഷേപിച്ചത്. തന്റെ ഭർത്താവും അമ്മായിയമ്മയും തന്നെ ഉപദ്രവിക്കുന്നത് പറയാൻ വേണ്ടിയായിരുന്നു യുവതി വിളിച്ചത്. ഫോണിന്റെ തുടക്കത്തിൽ തന്നെ ദേഷ്യപ്പെട്ടായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ സംസാരിച്ചത്. ഇടക്ക് ഫോൺ കേൾക്കാത്തതിന് വരെ ദേഷ്യം കാണിച്ചു.
ഫോണിന്റെ അവസാന ഭാഗത്ത് തന്റെ ഭർത്താവും അമ്മായിയമ്മയും തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞപ്പോൾ പോലീസിൽ പരാതിപ്പെട്ടില്ലേ എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുചോദ്യം. ഇല്ല എന്നറിയിച്ചപ്പോൾ എങ്കിൽ അനുഭവിച്ചോളു എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി. ഒരിക്കലും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ നടത്തേണ്ട പരാമർശമായിരുന്നില്ല ഇത്.
സംഭവത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളായ വി.ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ എല്ലാം നിരവധി ട്രോളുകളും രംഗത്ത് വന്നു. വനിതാ കമ്മീഷൻ അധ്യക്ഷയെക്കാൾ ഭേദം അവരുടെ അമ്മായിയമ്മ തന്നെയാണെന്നാണ് പലരുടെയും വിമർശനം.
https://www.facebook.com/plugins/video.php?height=258&href=https%3A%2F%2Fwww.facebook.com%2Frahulbrmamkootathil%2Fvideos%2F521020058947322%2F&show_text=false&width=560&t=0