ഇരുചക്രവാഹനങ്ങളിലും എയര്‍ ബാഗുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇതിന്‍റെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ എയര്‍ ബാഗ് സംവിധാനത്തിനായി ഹോണ്ട പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായി ‘കാര്‍ ആന്‍ഡ് ബൈക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്ന മൂന്ന് എയര്‍ ബാഗ് ഡിസൈന്‍ ഉള്‍പ്പെടെയാണ് ഹോണ്ട പേറ്റന്റ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഹോണ്ടയുടെ കൂടുതല്‍ മോഡലുകളില്‍ ഈ സുരക്ഷ സംവിധാനം ഒരുക്കുന്നതിനായി ഇത്രയും ഡിസൈനുകള്‍ നല്‍കിയിട്ടുള്ളതെന്നാണ് സൂചന. ഇരുചക്ര വാഹനാപകടങ്ങളില്‍ 68 ശതമാനവും മുന്നില്‍നിന്ന് നേരിട്ടുള്ള ഇടിയിലൂടെയാണെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വാഹനത്തിന്റെ മുന്‍ഭാഗത്താണ് എയര്‍ ബാഗ് നല്‍കാന്‍ ഉദേശിക്കുന്നത്.
റൈഡറിനുണ്ടാകുന്ന ചലനമാണ് ഇരുചക്ര വാഹനങ്ങളില്‍ എയര്‍ ബാഗ് നല്‍കുന്നതിലെ പ്രധാന വെല്ലുവിളി. കാര്‍ പോലുള്ള വാഹനങ്ങളില്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാര്യമായ ചലനം സംഭവിക്കുന്നില്ല. സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂട്ടര്‍ ഒടിക്കുന്ന ആളിനാണ് ചലനം കുറവ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്‌കൂട്ടറുകളിലായിരിക്കും എയര്‍ ബാഗ് ഒരുക്കുകയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ഹോണ്ട അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പുതിയ ഗോൾഡ് വിംഗ് ടൂറില്‍ ഒരു എയർബാഗ് ഉൾപ്പെട്ടിരുന്നു. ഹോണ്ടയുടെ സ്‌കൂട്ടറുകളിലായിരിക്കും എയര്‍ ബാഗ് ആദ്യം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ടയുടെ PCX-ടൈപ്പ് സ്‌കൂട്ടറുകളാണ് പേറ്റന്റ് ചിത്രത്തില്‍ നല്‍കിയിട്ടുള്ളത്. കര്‍ട്ടണ്‍ എയര്‍ ബാഗുകളാണ് ഇതില്‍ ഒരുക്കുക. ഇതിനുപുറമെ, ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്നതിനുള്ള നിരവധി എയര്‍ ബാഗ് ഓപ്ഷനുകള്‍ ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഹോണ്ടയുടെ ഈ പദ്ധതി എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നതില്‍ വ്യക്തതയില്ലെന്നും അവസാന ഡിസൈനിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.