കോട്ടയം: മരിച്ചുപോയ ഭർത്താവിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് തുക ലഭിക്കാൻ അവകാശ സർട്ടിഫിക്കേറ്റിനായി അപേക്ഷ നൽകിയ വീട്ടമ്മക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചത് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന്. കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവ്, വിരമിച്ച സിവിൽ പോലീസ് ഓഫീസർ ഹരിദാസിന്റെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതിന് വേണ്ടിയാണ് അവകാശ സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകിയത്.
2020 നവംബർ 24 നാണ് ഹരിദാസ് മരിച്ചത്. പരാതിക്കാരിയുടെ മകളുടെ വിവാഹം കഴിഞ്ഞ് 5 മാസത്തിനുള്ളിലാണ് ഭർത്താവ് മരിച്ചത്. വിവാഹത്തിന്റെ സാമ്പത്തിക ബാധ്യത വീട്ടമ്മയുടെ ചുമലിലായി. ഭർത്താവിന് ലഭിക്കേണ്ടിയിരുന്ന ഇൻഷ്വറൻസ് തുക അനുവദിക്കണമെങ്കിൽ അവകാശ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. 2020 ഡിസംബർ 21 ന് കോട്ടയം താലൂക്ക് ഓഫീസിൽ സർട്ടിഫിക്കേറ്റിനായി അപേക്ഷ നൽകിയെങ്കിലും കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
സർട്ടിഫിക്കേറ്റ് നൽകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കോട്ടയം തഹസിൽദാർക്ക് ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഹരിദാസിന്റെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള അവകാശ സർട്ടിഫിക്കേറ്റ് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ കമ്മീഷനെ അറിയിച്ചു.