പത്തനംതിട്ട: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ദില്ലിയിലെ സിഎസ്ഐആര്‍ – ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.
കോളനി മേഖലയില്‍ കോവിഡ് ബാധിച്ച 17 പേരെ പരിശോധിച്ചപ്പോഴാണ് ഒരാള്‍ക്ക് ഡെല്‍റ്റപ്ലസ് കണ്ടെത്തിയത്. ഇന്നലെ വരെ പതിനാലാം വാര്‍ഡിലായിരുന്നു നിയന്ത്രണം.ഇന്നു മുതല്‍ പഞ്ചായത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്ന തോതിലാണ്. 26.5 ആണ് ടിപിആര്‍ നിരക്കാണ്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മുഴുവന്‍സമയ നിരീക്ഷണത്തിനായി പൊലീസുണ്ട്. ഒരാഴ്ച നിയന്ത്രണം തുടരുമെന്ന് തിരുവല്ല ഡിവൈഎസ്പി സുനീഷ്ബാബു പറഞ്ഞു.