സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 249 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 217 റൺസിനെതിരേ ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 32 റൺസ് ലീഡ് നേടി 249 റൺസിനാണ് പുറത്തായത്.
നാല് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. ഇഷാന്ത് മൂന്ന് വിക്കറ്റ് നേടി. അശ്വിന് രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ബൂമ്രക്ക് വിക്കറ്റ് ഒന്നും നേടാനായില്ല.
രണ്ടാമിന്നിങ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് അമ്പത് റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഓപ്പണർമാർ രണ്ടുപേരെയും നഷ്ടമായി. 26.5 ഓവറിൽ രണ്ടിന് 51 റൺസ് എന്ന നിലയിലണ് ഇന്ത്യ.
33 പന്തിൽ നിന്ന് എട്ട് റൺസെടുത്ത ഗുഭ്മാൻ ഗില്ലും 81 പന്തിൽ നിന്ന് 30 റൺസെടുത്ത രോഹിത് ശർമയും മടങ്ങി. രണ്ടുപേരെയും സൗത്തി വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് തിരിച്ചയച്ചത്. സ്കോർ 24ൽ എത്തിനിൽക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. കൃത്യതയാര്‍ന്ന ആക്രമണത്തിലൂടെ മുന്‍നിരയെ തകര്‍ത്ത ശേഷം ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയെ 217 റണ്‍സിന് ചുരുട്ടിക്കെട്ടി. ടെസ്റ്റില്‍ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയില്‍ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
മഴ മൂലം ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. നഷ്ടപ്പെട്ട ദിവസത്തെ കളി റിസർവ് ഡേ ആയ ബുധനാഴ്ച്ച നടക്കും.