കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ പോലീസിനു മൊഴി നൽകിയിരുന്നു.
തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പോലീസിനോട് പറഞ്ഞു. വഴക്കിന് ശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല.
20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്.
കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.