ടെല്‍അവീവ്: ഉപരോധത്തില്‍ തുടരുന്ന ഗാസ മുനമ്പില്‍ നിന്ന് ഭാഗികമായി കയറ്റുമതിക്ക് അനുമതി വീണ്ടും നല്കി പുതിയ ഇസ്രായേൽ സര്‍ക്കാര്‍. കടുത്ത ഉപാധികളോടെയാണ് അനുമതി. നാല്പത് ദിവസത്തിനിടെ ആദ്യമായി 11 ട്രക്ക് വസ്ത്രങ്ങള്‍ അതിര്‍ത്തി കടന്നു. ഗാസയില്‍ നിന്നുള്ള കത്തുകളുടെ സേവനവും പുനരാരംഭിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് പാസ്പോര്‍ട്ടുകളും മറ്റുഅനുബന്ധ രേഖകളും രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഗാസ ആക്രമണം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഉപാധികളോടെ അനുമതി നല്‍കിയത്.
അതേസമയം, മത്സ്യക്കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടില്ല. നേരത്തെ 37 മൈല്‍ അകലെ വരെ മത്സ്യബന്ധനം അനുവദിച്ചിരുന്നത് 11 കിലോമീറ്ററായി ചുരുക്കിയിട്ടുമുണ്ട്.