ന്യൂഡൽഹി: മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കാപ്പന് കോടതിയെ അറിയിച്ചു.
എട്ട് മാസത്തിലധികമായി ജയിലില്‍ കഴിയുകയാണ് സിദ്ധീഖ് കാപ്പൻ. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന് വേണ്ടി സുപ്രീംകോടതി അഭിഭാഷകന് വില്‍സ് മാത്യൂസ് മഥുര കോടതിയില്‍ ഹാജരായി.
ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ധീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സിദ്ദീഖ് കാപ്പന്റെ മാതാവ് നിര്യാതയായിരുന്നു.