തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ക്വാറിയില്‍ വന്‍സ്ഫോടനം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായി പൊലീസ് പറയുന്നു.
പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കേളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റി.
വടക്കാഞ്ചേരി വാഴക്കോട് കരിങ്കല്‍ ക്വാറിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമട ഉടമയുടെ അനുജന് അബ്ദുള്‍ നൗഷാദാണ് മരിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്. പാറമട നേരത്തെ സബ്കളക്ടര്‍ ഇടപെട്ട് പൂട്ടിച്ചിരുന്നു.
വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ ക്വാറിക്കുള്ളില്‍ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.