കാഠ്മണ്ഡു: യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല, തന്റെ രാജ്യത്താണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നതിനിടെയാണ് ഒലിയുടെ വിവാദ പരാമര്‍ശം.
“ഇന്ത്യ എന്ന രാജ്യം നിലവില്‍ വരുന്നതിന് മുമ്പുതന്നെ നേപ്പാളില്‍ ആളുകള്‍ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഇന്ത്യ നിരവധി നാട്ടുകാര്യങ്ങളായിരുന്ന കാലത്തുതന്നെ നേപ്പാളില്‍ ജനങ്ങള്‍ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാര്‍ക്ക് നാം ആദരവ് നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം പ്രൊഫസര്‍മാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്”- അന്താരാഷ്ട്ര യോഗദിനത്തില്‍ സംസാരിക്കവെ ഒലി പറഞ്ഞു.
“യോഗയുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ അവകാശവാദം ഉന്നയിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും നമുക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നല്‍കിയത്.” അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു തുടങ്ങിയതോടെയാണ് അത് സാധ്യമായതെന്നും ശര്‍മ ഒലി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന് ജനിച്ചത് ഇന്ത്യയിലെ അയോധ്യയില്‍ അല്ല, നേപ്പാളിലെ ചിത്വാര്‍ ജില്ലയിലുള്ള അയോധ്യാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.