കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയില്‍ അർജന്റീന നാളെ പരാഗ്വേയെ നേരിടും. പുലർച്ചെ അഞ്ചരയ്ക്കാണ് കളി തുടങ്ങുക.ഉറുഗ്വേക്കെതിരെ നേടിയ ഒറ്റ ഗോൾ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ലിയോണൽ മെസിയും സംഘവും വീണ്ടും ഇറങ്ങുന്നത്.
റോഡ്രിഡോ ഡി പോളും ഉറുഗ്വേക്കെതിരെ നിർണായക ഗോൾ നേടിയ ഗിയ്ഡോ റോഡ്രിഗസും മധ്യനിരയിൽ തുടരും. മെസിയൊഴികെയുള്ള അർജന്റൈന്‍ സ്ട്രൈക്കർമാർ കഴിഞ്ഞ നാല് മത്സരത്തിലും പൂർണമായും നിരാശപ്പെടുത്തി. പ്രത്യേകിച്ചും നിരന്തരം അവസരം കിട്ടുന്ന ലൗറ്ററോ മാർട്ടിനസ്. ലൗറ്ററോയ്ക്ക് പകരം സെർജിയോ അഗ്യൂറോയ്ക്കോ യോക്വിം കോറിയയ്ക്കോ അവസരം കിട്ടുമെന്നാണ് സൂചന. പരിക്കേറ്റ നിക്കോളാസ് ഗോൺസാലസിന് പകരം ഏഞ്ചൽ ഡി മരിയയും ആദ്യ ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്.
ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് പരാഗ്വേ വരുന്നത്. ഇരു ടീമും 108 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ 58ലും ജയം അർജന്റീനയ്ക്കൊപ്പം നിന്നു. പരാഗ്വേ ജയിച്ചത് പതിനാറിൽ മാത്രം. 34 കളികള്‍ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചു.