മലപ്പുറം: മൂത്തേടത്ത് മാസ്ക് ധരിക്കാത്ത വൃദ്ധയെ താക്കീത് ചെയ്യുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ സെക്ട്രൽ മജിസ്ട്രേറ്റിനോട് തഹസിൽദാർ വിശദീകരണം തേടി. ദ്യശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങിൽ പ്രചരിച്ചതോടെയാണ് നിലമ്പൂർ തഹസിൽദാർ വിശദീകരണം തേടിയത്.
മൂത്തേടം ചോളമുണ്ട സ്വദേശി അത്തിമണ്ണില്‍ ആയിഷ എന്ന 85-കാരിയെ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് താക്കീത് ചെയ്യുന്ന ദ്യശ്യമാണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. വീട്ടിൽ നിന്ന് ഇരുനൂറു മീറ്റർ അകലെയുള്ള മകൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആയിഷയെ സെക്ട്രൽ മജിസ്ട്രേറ്റ് കണ്ടത്.
മാസ്ക് ധരിക്കാത്ത ഇവരോട് വിശേഷങ്ങൾ ചോദിച്ച ശേഷം ഇവർക്ക് ഫൈൻ നൽകുകയായിരുന്നു. നിഷ്ക്കളങ്കമായി എല്ലാത്തിനോടും മറുപടി പറയുന്ന ആയിഷയുടെ ദൃശ്യം ഉദ്യോഗസ്ഥർ തന്നെ പകർത്തി സാമൂഹ്യമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ കടുത്ത വിമർശനമാണ് സംഭവത്തിനെതിരെ ഉയർന്നത്. ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വ രഹിതമല്ലെന്ന് കാണിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.
ഉദ്യോഗസ്ഥരുടെ ഹുങ്കാണിതെന്നും, ഉദ്യോഗസ്ഥർ മനുഷ്യരെ മൃഗങ്ങളെ പോലെ കാണരുതെന്നും മകൻ ഉണ്ണിക്കോയ പറഞ്ഞു. കരാർ വാഹനത്തിൻ്റെ ഡ്രൈവറാണ് ദ്യശ്യം പകർത്തി പ്രചരിപ്പിച്ചതെന്നും ഇത് അറിഞ്ഞില്ലെന്നുമാണ് സെക്ട്രൽ മജിസ്ട്രേറ്റ് നൽകിയ വിശദീകരണം.