തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകൾ നൽകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.വ്യത്യസ്ത നിറങ്ങളിലായിരിക്കും ഈ നമ്പറുകള്‍ രേഖപ്പെടുത്തുക.റൂട്ട് നമ്പറിങ്ങിനെക്കുറിച്ച് 2016- ൽ കെ എസ് ആർ ടി സി പഠനം നടത്തിയിരുന്നു. ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേർന്നായിരുന്നു പഠനം. ഈ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ സ്ഥലങ്ങൾക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളാണ് നൽകിയിട്ടുള്ളത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിലെ നമ്പറുകൾ ഒന്നിലാണ് തുടങ്ങുന്നത്. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നാല്, അഞ്ച് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും നെടുമങ്ങാട് താലൂക്കിൽ ആറ്, ഏഴ് അക്കങ്ങളിലും വർക്കല, ചിറയിൻകീഴ് താലുക്കുകളിൽ എട്ട്, ഒമ്പത് അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്.
സ്ഥലത്തിന്റെ നമ്പർ ബോർഡിന്റെ ഇടതുവശത്താണ് രേഖപ്പെടുത്തുക. സർവീസ് എത് കാറ്റഗറിയാണെന്ന് അതായത് സിറ്റി ഓർഡിനറി, സിറ്റി ഫാസ്റ്റ് പാസഞ്ചര്‍- എന്ന് വ്യക്തമാക്കുന്ന ചുരുക്കെഴുത്ത് ബോർഡിന്റെ വലതുവശത്തും പ്രദർശിപ്പിക്കും. കളർ കോഡിംഗോടു കൂടിയതായിരിക്കും ഈ ചുരുക്കെഴുത്ത്. സ്ഥലങ്ങളുടെ പേരുകൾ എഴുതുന്നതിനും പ്രത്യേക നിറങ്ങൾ ഉപയോഗിക്കും. സിറ്റി ഓർഡിനറി ബസുകളുടെ ബോർഡുകളിൽ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥലപ്പേരുകൾ എഴുതുക. സിറ്റി ഫാസ്റ്റിൽ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥലപ്പേരുകൾ എഴുതുക എന്നാണ് റിപ്പോര്‍ട്ടുകള്‍.