കോവിഡ് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവിദഗ്ധർ. ജനങ്ങൾ ജാഗ്രത കൈവിട്ടാൽ ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി.
മൂന്നാം തരംഗത്തിൽ പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചാലും രോഗവ്യാപനം തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കൂടുതൽ മോശമാക്കും. ജനസംഖ്യയിൽ നിശ്ചിതശതമാനം പേർക്ക് വാക്സിനെടുത്താലും ആളുകൾ കോവിഡ് പ്രതിരോധ പെരുമാറ്റം ഉപേക്ഷിക്കാൻ പാടില്ല. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് ഇതിൽ പ്രധാനമാണെന്നും ഗുലേറിയ വ്യക്തമാക്കി.