യൂറോ കപ്പില്‍ മരണ ഗ്രൂപ്പായ എഫില്‍ നടന്ന പോരാട്ടത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ സമനിലയില്‍ കുടുക്കി ഹംഗറി.മത്സരത്തിൽ ആദ്യം ഗോൾ നേടിയ ഹംഗറിയെ രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് ഒപ്പം പിടിച്ചത്.ഗ്രൂപ്പ് എഫിൽ നിലവിൽ നാല് പോയിന്റുമായി ഫ്രാൻസ് ഒന്നാമതാണ്. ഒരു പോയിന്റുമായി ഹംഗറി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാന്‍സിന് വിനയായത്.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഫ്രഞ്ച് പടയെ ഞെട്ടിച്ച് ഹംഗറി ഗോള്‍ നേടി. മത്സരത്തിന്റെ ഗതിക്ക് വിപരീതമായ ഗോള്‍. ഫ്രഞ്ച് പ്രതിരോധതാരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പവാര്‍ഡ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹംഗറി താരം റോളണ്ട് സല്ലൈയുടെ കാലിലേക്കാണ് പോയത്. സല്ലൈ അറ്റില ഫിയോളയ്ക്ക് മറിച്ച് നല്കി. പ്രതിരോധം വളയും മുമ്പ് താരം പന്ത് ഗോള്‍വര കടത്തി. വൈകാതെ ആദ്യ പകുതി അവസാനിച്ചു. 59-ാം മിനിറ്റില്‍ ഉസ്മാന് ഡെംബേലയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 66-ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി. 69-ാം മിഫ്രഞ്ച് ബോക്സില്‍ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നല്കിയ പാസ് ഗ്രീസ്മാന് അനായാസം വലയിലെത്തിച്ചു. യൂറോ കപ്പില്‍ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്.