കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. ഗ്രൂപ്പ് എ-യിൽ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്.അലക്സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്.കോപ്പ അമേരിക്ക മത്സരത്തിൽ ഇത് ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെനിസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്.
മത്സരം തുടങ്ങി 12-ാം മിനുറ്റില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തിരുന്നു. നെയ്മര്‍ തുടക്കമിട്ട മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജിസ്യൂസ് മറിച്ചുനല്‍കിയ പന്തില്‍ ലെഫ്റ്റ് ബാക്ക് അലക്സ് സാണ്ട്രോയാണ് വല ചലിപ്പിച്ചത്. ബ്രസീലിന്റെ ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ആവേശമായി. 60-ാം മിനുറ്റില്‍ നെയ്മറെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടിയെങ്കിലും വാര് ബ്രസീലിന് എതിരായി. മത്സരത്തിന്റെ അവസാന മിനിറ്റിലും അധിക സമയത്തുമാണ് ബ്രസീൽ രണ്ട് ഗോളുകൾ കൂടി നേടിയത്. 89-ാം മിനിറ്റിൽ എവർട്ടണ് റിബെയ്റോയും 93-ാം മിനിറ്റിൽ റിച്ചാർലിസണുമാണ് ബ്രസീലിനായി ഗോൾ കണ്ടെത്തിയത്. ജയത്തോടെ ബ്രസീൽ ക്വാർട്ടർ ഉറപ്പിച്ചു.