ഓട്ടോമേഷൻ സംവിധാനം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഐ.ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്.ഏകദേശം 1.6 കോടി തൊഴിലാളികളാണ് ഇന്ത്യയിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം പറയുന്നു. ഇവരിൽ 30 ശതമാനം പേർക്കെങ്കിലും അടുത്ത വർഷത്തോടെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
റോബോട്ട് പ്രൊസസ് ഓട്ടോമേഷൻ സംവിധാനത്തിന്റെ വരവായിരിക്കും തൊഴിലുകളെ പ്രതികൂലമായി ബാധിക്കുന്നത്. അമേരിക്കയിൽ ഇതുമൂലം 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്കുകൾ. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, കോഗ്നിസെൻറ് തുടങ്ങിയ കമ്പനികൾ 30 ലക്ഷം തൊഴിലാളികളെ അടുത്ത വർഷം ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.