തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷകള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക.
വിദ്യാര്‍ഥികള്‍ ഇരട്ട മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം. വിദ്യാര്‍ഥികള്‍ ലാബില്‍ പ്രവേശിക്കുന്നതിന് മുന്‍പും ലാബില്‍നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്.
പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ഥികള്‍ ഒരു കാരണവശാലും കൂട്ടം കൂടാന്‍ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്‍ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തില്‍ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.
ലാബുകളില്‍ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റു കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ലാബുകളില്‍ എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്.
ഒരുസമയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്കൂള്‍ പ്രിന്‍സിപ്പാള്‍/ചീഫ് സൂപ്രണ്ട് അറിയിക്കുന്നതാണ്.
സമയക്രമം കൃത്യമായി പാലിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ സ്കൂള്‍ വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയര്‍ എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളില്‍ വച്ചും നടത്തുന്നതാണ്.