വാർത്താ സമ്മേളനത്തിന് മുന്നേ തനിക്ക് മുന്നിൽ വെച്ചിരുന്ന രണ്ട് കൊക്കോകോള കുപ്പികൾ എടുത്തുമാറ്റുക മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്തത്. പക്ഷേ, അതുണ്ടാക്കിയ ഓളം ചെറുതല്ല എന്ന് ആര് തിരിച്ചറിഞ്ഞില്ലെങ്കിലും കൊക്കോകോള കമ്പനിക്ക് മനസിലായിട്ടുണ്ടാകും. രണ്ട് കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോൾ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ.
യൂറോ കപ്പിൽ ഹംഗറിക്കെതിരായ പോർച്ചുഗലിന്റെ ആദ്യമത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ കോച്ചിനൊപ്പം നടത്തിയ പ്രസ് കോൺഫറൻസിനിടെ തന്റെ മുൻപിലിരുന്ന കൊക്കോ കോളയുടെ കുപ്പികൾ എടുത്ത് മാറ്റുകയായിരുന്നു ക്രിസ്റ്റ്യാനോ.
പ്രസ് കോൺഫറൻസിൽ കൊക്കോകോളയുടെ കുപ്പികൾ ക്യാമറ കണ്ണുകളിൽ പെടാത്ത വിധം നീക്കി വെക്കുകയും മുൻപിലിരുന്ന വെള്ള കുപ്പി ഉയർത്തി കാണിക്കുകയുമാണ് ചെയ്തത്. ക്രിസ്റ്റ്യാനോയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചർച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു.
കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റുന്ന വീഡിയോ ലോകം മുഴുവൻ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ കമ്പനിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്ക് വില ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഫിറ്റ്നസിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് 36 കാരനായ ക്രിസ്റ്റ്യാനോ. സോഫ്റ്റ് ഡ്രിങ്ക്സുകൾ ഉൾപ്പെടെയുള്ള കൃത്രിമ പാനീയങ്ങളും ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാത്ത താരമാണ് ആരാധകരുടെ പ്രിയപ്പെട്ട സിആർ7