മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡ് പതിനംഗം ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിസിസിഐയും പ്രഖ്യാപനം നടത്തിയത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹനുമ വിഹാരി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഉമേഷ് തിരിച്ചെത്തിയതോടെ ശര്‍ദ്ദുല്‍ താക്കൂറിന് ടീമില്‍ ഇടം നഷ്ടമായി. മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് ഉള്ളത്. മായങ്ക് അഗര്‍വാള്‍ പുറത്തായതോടെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍മാരായി ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
🗒️ #TeamIndia announce their 15-member squad for the #WTC21 Final 💪 👇 pic.twitter.com/ts9fK3j89t
— BCCI (@BCCI) June 15, 2021
മത്സരത്തിനുള്ള തങ്ങളുടെ ടീമിനെ ന്യൂസീലൻഡും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിനുള്ള ടീമില്‍ പരിക്കിന്റെ പിടിയിലുള്ള ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബിജെ വാള്ട്ടിഗും ഇടംപിടിച്ചു. സ്പെഷ്യലിസ്റ്റ് സ്പിന്നറായ അജാക്സ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ഡഗ് ബ്രേസ്വെൽ, ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാൻ്റ്നർ എന്നിവർ പുറത്തായി. കോളിൻ ഡി ഗ്രാൻഡ്ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.
കിവീസ് ടീം: കെയ്ന്‍ വില്ല്യംസണ്(ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡെവോണ്‍ കോണ്‍വേ, കോളിന് ഡെ ഗ്രാന്‍ഡ്ഹോം, മാറ്റ് ഹെന്റി, കെയ്ല്‍ ജമെയ്സണ്, ടോം ലതാം, ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്ലര്, നീല്‍ വാഗ്നെര്‍, ബിജെ വാള്‍ട്ടിംഗ്, വില്‍ യംഗ്.
ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.