2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറങ്ങി. ‘പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം’ എന്ന ആശയം വരുന്ന ‘മറാബിഉൽ അജ്ദാദി…അമാന’ എന്ന അറബി വാക്യമാണ് ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. പ്രാചീന കാലം മുതൽക്കേയുള്ള ഖത്തരികളുടെ പരിസ്ഥിതിയുമായുള്ള ബന്ധം, രാജ്യത്തിന്റെ വിവിധ അനുഗ്രഹങ്ങൾ തുടങ്ങിയവയെയാണ് പുതിയ മുദ്രാവാക്യം പ്രതിനിധീകരിക്കുന്നതെന്ന് ദേശീയ ദിന സംഘാടക സമിതി പറഞ്ഞു. പുതിയമുദ്രാവാക്യം എടുത്തിരിക്കുന്നത് ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ്.
ഖത്തറിന്റെ ദേശീയസത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതാണ് മുദ്രാവാക്യം. കൂടാതെ ദേശീയ അടയാളങ്ങളെയും സ്ഥാപകൻ ശൈഖ് ജാസിം ഥാനി നേതൃത്വം നൽകിയ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയും അവരുടെ തത്വങ്ങളയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതും കൂടിയാണ് മുദ്രാവാക്യമെന്ന് സംഘാടക സമിതി അറിയിച്ചു. എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നത്. ആദ്യമായാണ് ഇത്രയും നേരത്തെ തന്നെ ദേശീയദിന മുദ്രാവാക്യം പുറത്തുവിടുന്നത്.