തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം. ടി.പി.ആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും.
ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി ടി.പി.ആര് കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര് നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ ജില്ലകളിൽ ടി.പി.ആര് 15ലും താഴെയെത്തി.